എം ഗംഗാധരകുറുപ്പ്
സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു
മനസ്സിന്റെ ഉടമ.
2020
സെപ്റ്റംബർ 12 പ്രഭാതം ഒരു വേദനിപ്പിക്കുന്ന
വാർത്തയുമായിട്ടാണെത്തിയത്. ഒത്തിരിയേറെ ഓർമ്മകൾ ബാക്കിയാക്കി എം.ഗംഗാധരക്കുറുപ്പു വിടപറഞ്ഞു.! ആയിരത്തി തൊള്ളായിരത്തി അറുപതുകൾ തുടങ്ങി ഈ കഴിഞ്ഞ ദിനങ്ങൾ വരെ ദൂരവാണിനഗർ കേരളം സമാജത്തിന്റെ സന്തത സഹചാരിയായിരുന്ന; പരക്കെ 'ഗംഗേട്ടൻ' എന്നറിയപ്പെടുന്ന മനത്താനത്തു ഗംഗാധരകുറുപ് ഓർമയായി!
അവസാനശ്വാസം വരെയും അദ്ദേഹം ജീവിച്ചതും പ്രവര്ത്തിച്ചതും ഉത്തമനായ ഒരു സോഷ്യലിസ്റ്റ് -സെക്കുലർ ചിന്താഗതിക്കാരനായി ത്തന്നെ. സമൂഹം ഒന്നടങ്കം ആദരിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടായിരുന്നു ജീവിതം. കേരളസമാജമെന്ന കര്മമണ്ഡലത്തിൽ പലതവണ ഔദ്യോഗികപദവികളോടെയും, അല്ലാതെയും സ്നേഹ സമ്പൂർണമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
കഴിഞ്ഞ ആറു ദശാബ്ദങ്ങളായി ദൂരവാണിനഗർ കേരളം സമാജമെന്ന പ്രസ്ഥാനത്തിൽ മാത്രം ഇടപഴകി ഒട്ടനവധി മനുഷ്യ മനസ്സുകളിൽ ഇടം പിടിച്ച സ്നേഹധനനായ ഗംഗേട്ടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമ മർപ്പിച്ചുകൊണ്ടു ഞാനും അദ്ദേഹവുമായുള്ള ചില സ്നേഹബന്ധ ങ്ങളുടെ ഓർമ്മകൾ കുറിക്കട്ടെ.
1969 ലാണ് അദ്ദേഹം ദൂരവാണിനഗർ കേരളം സമാജത്തിന്റെ മുഖ്യധാരാപ്രവർത്തനങ്ങളിലേക്കു കടന്നുവരുന്നത്. ഏകദേശം പത്തു വര്ഷങ്ങള്ക്കു ശേഷമാണു ഞാൻ അദ്ദേഹവുമായി പരിചയപ്പെടുന്നത്. 1979 ൽ അദ്ദേഹം സമാജത്തിന്റെ പൊതുകാര്യദർശിയായിരുന്നു. അദ്ദേഹത്തിനോടൊപ്പം കമ്മറ്റിഅംഗമായി പ്രവർത്തിക്കുവാൻ എനിക്കവസരം കിട്ടിയിരുന്നു. ഭംഗിയേറിയ കയ്യക്ഷരം, അടുക്കും ചിട്ടയുമുള്ള പ്രവർത്തനരീതി, സൗമ്യസ്വഭാവം, ശാന്തശീലൻ തുടങ്ങിയ എല്ലാ ഗുണങ്ങളുമുള്ള ഗംഗേട്ടൻ തന്നെയാണ് സമാജം പ്രവർത്തനങ്ങളിലേക്ക് എന്നെ കൈ പിടിച്ചിറക്കിയതും.
അന്നൊക്കെ എല്ലാ ഞായറാഴ്ചകളും അദ്ദേഹം സമാജത്തിൽ തന്നെയു ണ്ടാകും. ഒപ്പം ഞാനും. ഒരിക്കൽ ലൈബ്രറിയും ഓഫീസും മറ്റും വൃത്തി യാക്കുന്നതിനിടയിൽ പഴയകുറെ പേപ്പറുകളെല്ലാമെടുത്തു ഒരു ഫയലി ലാക്കി. അതിനൊരു നമ്പറിട്ടു ‘KSD-1’. ‘നമ്മളിനി ഉസ്കൂളും മറ്റും തുടങ്ങുമ്പോൾ പല വിഷയങ്ങൾക്കും പ്രത്യേക ഫയലുകൾ വേണം' ഗംഗേട്ടന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. സഘടനയുടെ നിർണായ കമായ പല കാലഘട്ടങ്ങളിലും ഗംഗേട്ടൻ അന്ന് നമ്പറിട്ട ഫയലിനെ പ്പറ്റിയും തുടർന്ന് ഞാനുണ്ടാക്കിയ ഒട്ടനവധി ഫയലുകളെപ്പറ്റിയും ഓർക്കാറുണ്ട്.
അന്നൊരിക്കൽ
കൊത്തൂരിൽ
മലയാളികൾക്കെതിരായി ഒരു കൂട്ടമാളുകൾ കലാപമുണ്ടാക്കിയിരുന്നു. അതിനെ വളരെയധികം സൂക്ഷ്മമായും സമാധാനപാരമായും കൈകാര്യം ചെയ്തതിൽ അദ്ദേഹ
ത്തിന്റെ
സംഭവനയേറെയായിരുന്നു. നമ്മുടെ കടമ മറ്റുള്ളവരെ വിമർശിക്കുകയല്ല അവരോടു സ്നേഹപൂർവ്വം പെരുമാറുകയാണ് വേണ്ടതെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. വേദനയനുഭവി ക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുന്ന ഒരു പ്രത്യേക സ്വഭാവമായിരുന്നു അദ്ദേഹത്തിനുള്ളത്. ജീവിതചെലവുകൾ തന്നെ കഷ്ഠിച്ചു കഴിഞ്ഞിരുന്ന ആ കാലത്തും മറ്റുള്ളവർക്ക് കയ്യയഞ്ഞു സഹായങ്ങൾ നൽകിയതിന് ഈയുള്ളവൻ ദൃക്സാക്ഷിയാണ്.
1977-ൽ
ഞാൻ ITI
ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലം. ഒരു പനി വന്നു. തീരെ കിടപ്പിലായി. ഒരാഴ്ചയോളം കിടക്കേണ്ടിവന്നു. റൂമിൽ തന്നെ. പക്ഷെ ഭക്ഷണത്തിനു മുട്ടുണ്ടായില്ല. എന്നും മൂന്നുനേരവും ഗംഗേട്ടൻ ഭക്ഷണമെത്തിച്ചിരുന്നു. മറ്റൊരിക്കൽ എന്റെ ട്രൈനിംഗിന്റെ അവസാന ഘട്ടത്തിൽ രാത്രിയും പകലുമായി റൂമിൽത്തന്നെയിരുന്നു പഠിച്ചുകൊണ്ടിരുന്ന എന്നെ കാണാനായി ഗംഗേട്ടൻ റൂമിൽ വന്നു. അന്നൊക്കെ പുകവലിക്കുമായിരുന്ന എന്റെ റൂമിൽ ബീഡിയുടെ ദുർഗന്ധം നിറഞ്ഞു നിന്നിരുന്നു. അൽപനേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം 'ഞാനിപ്പൊവരാ’മെന്നു പറഞ്ഞു പുറത്തേക്കുപോയി. അഞ്ചുമിനിട്ടിനുള്ളിൽ തന്നെ തിരിച്ചുവന്നു. കയ്യിലൊരുപാക്കറ് സിഗററ്റുമുണ്ടായിരുന്നു. 'എപ്പോഴും ബീഡിതന്നെ വലിക്കുവല്ലേ. ഒരു മാറ്റം ഇരിക്കട്ടെ!' വളരെയധികം ബഹുമാനത്തോടെതന്നെ കൂടെനടന്നിരുന്ന ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് പുകവലിച്ചിട്ടില്ല. ഒരു ചമ്മലോടെ ഞാനതേറ്റുവാങ്ങി.
വടകര
മേമുണ്ടയിൽ മനത്താനത്തു കുടുംബത്തിൽ പരേതനായ
രാമക്കുറുപ്പിന്റെ എട്ടുമക്കളിൽ നാലുപേരും ദൂരവാണിനഗർ കേരളസമാജത്തിനു മറക്കാൻ കഴിയാത്ത
സംഭാവനകൾ നല്കിയവരായിരുന്നു. മൂന്നു പേരും കാലയവനികയിലേക്കു മറഞ്ഞു. അവസാനമായിതാ ഗംഗേട്ടനും. മുൻ സാമാജാദ്ധ്യക്ഷനായിരുന്ന വേണുഗോപാലക്കുറുപ്പ്, സമാജത്തിന്റെ മുൻ ഉപാധ്യക്ഷനും
ബാംഗ്ലൂർ ട്രേഡ് യൂണിയൻ രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന സഖാവ് ടി.രാജൻ, രാപകലില്ലാതെ
രണ്ടു ദശാബ്ദക്കാലത്തോളം സമാജത്തിനുവേണ്ടി
പ്രവർത്തിച്ചു ജീവിതം തന്നെ സമർപ്പിച്ച മുൻ പൊതുകാര്യദശി ടി. രവീന്ദ്രൻ എന്നിവരാണ്
ഗംഗേട്ടന്റെ ബാംഗ്ളൂരി ലുണ്ടായിരുന്ന സഹോദരങ്ങൾ.
ദൂരവാണിനഗർ കേരളസമാജംത്തിന്റെ ആദ്യഗാമികളുടെ യഥാര്ഥ പിന്തുടര്ച്ചാവകാശിയാണ് താനെന്ന് അദ്ദേഹം പ്രവർത്തനത്തിലൂടെ പലതവണ തെളിയിച്ചു. സമൂഹത്തിൽ എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചു, ബഹുമാനിച്ചു. പലപ്പോഴും പ്രശംസിച്ചു. നീണ്ടകാലത്തെ ബന്ധത്തിനിടയിൽ വ്യക്തിപരമായും സംഘടനാപരമായും ഒട്ടനവധി ദിനങ്ങൾ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്നു. ജീവിതത്തിലൊരിക്കൽ പോലും മദ്യപിക്കാത്ത അദ്ദേഹത്തിന് കരൾ സംബദ്ധമായ അസുഖവും അവസാന ദിനങ്ങളിൽ പിടിപെട്ടിരുന്നുവെന്നാണ് മനസിലാകുന്നത്.
ആ മനുഷ്യസ്നേഹവും മലയാളത്തിനോക്കുള്ള അഥവാ മലയാളിയോടുള്ള കറയറ്റ സ്നേഹവും അദ്ദേഹത്തിന്റെ സ്മരണകൾ തലമുറകളോളം ഉയര്ത്തിപ്പിടിക്കും. ദൂരവാണിനഗർ കേരളസമാജം കണ്ടിട്ടുള്ള ആദർശധീരനായ മികച്ച പൊതുകാര്യദർശി!
sk
No comments:
Post a Comment