Wednesday, 10 May 2017

ഗവിയിലേക്ക് നമുക്കൊന്ന് കറങ്ങിവരാം.

ഗവിയിലേക്ക് നമുക്കൊന്ന്  കറങ്ങിവരാം.

ഹരിതാഭയാർന്ന കേരളത്തിന്റെ  പ്രകൃതി ഭംഗി നിറഞ്ഞു തുളുമ്പിനിൽക്കുന്ന  പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്ക് നമുക്കൊന്ന്  കറങ്ങിവരാം. ഇടുക്കി ജില്ലയിലുള്ള വണ്ടിപ്പെരിയാറ്  വഴിയെയാണ് ഗവിയിലേക്കുള്ള പ്രവേശനപാത. വണ്ടിപെരിയാറിലുള്ള കേരളാ ഫോറെസ്റ് ഡവലപ്മെന്റ്    കോർപറേഷന്റെ ഓഫീസിൽ നിന്നും ലഭിച്ച പാസ്സുമായി ഞങ്ങൾ യാത്രയാരംഭിച്ചുമൂന്ന് കാറുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നിന്നിരുന്ന വൃക്ഷലഗാദികൾ ഞങ്ങളെ സ്വാഗതം ചെയ്തു

ഏകദേശം ഒരുകിലോമീറ്റർ ദൂരത്തായി വള്ളക്കടവെന്ന സ്ഥലത്തുള്ള ഫോറസ്റ് ഗാർഡ് ഓഫീസിൽ നിന്നും വാഹനത്തിനുള്ള പാസും ശേഖരിച്ചു ഞങ്ങൾ തിടുക്കത്തോടെ  ഗവിയിലേക്ക് തിരിച്ചു. രാത്രി താമസിക്കുന്നതിനുള്ള ബുക്കിംഗ് ഉണ്ടങ്കിൽ മാത്രമേ  നിങ്ങളുടെ സ്വകാര്യ വാഹനം ഗവിയിൽ കടത്തി വിടുകയുള്ളു.

വനത്തിനുള്ളിൽ ടെന്റുകെട്ടി താമസിക്കുന്നതും, ഗവിയിലെ ട്രെക്കിങ്ങും, വന്യ മൃഗ നിരീക്ഷണവുമെല്ലാം മാറിമാറിവന്നിരുന്ന മനസോടെയുള്ള ഉല്ലാസ യാത്ര സന്തോഷകരമായിരുന്നു.

 ഒരു മുക്കാൽ മണിക്കൂർ നേരത്തിനുള്ളിൽ അതിമനോഹര വും  ശാന്തഗംഭീര വുമായ പ്രദേശത്തെത്തി. അത്യധികം വിനയത്തോടും സന്തോഷത്തോടും കൂടി അവിടെയുള്ള ജീവനക്കാർ സ്വീകരിച്ചു. ടെന്റും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം വന്യജീവി നിരീക്ഷണത്തി നായി ക്ഷണിച്ചു. ഇരുപതുപേർക്കിരിക്കാവുന്ന സാമാന്യം നല്ല ഒരു മിനി ബസിലായിരുന്നു യാത്ര. ഏകദേശം ഒന്നര മണിക്കൂർ നേരം അവർ ഞങ്ങളെ വനമധ്യത്തിലൂടെ കൊണ്ടുപോയി.


ഗവിയിൽ വരുന്നവരിൽ ഭൂരിഭാഗവും പ്രകൃതിസ്നേഹികളായിരിക്കും. കൂടെയുള്ളവർ ഇരുവശങ്ങളിലും സൂക്ഷിച്ചു നോക്കികൊണ്ടേയിരുന്നു. വന്യ മൃഗങ്ങളെ കാണുവാൻ സാധിച്ചില്ലെങ്കിലും, മയിൽ, കലമാൻ, കാട്ടുപോത്തും, മലയണ്ണാൻ, കരികുരങ്ങുകൾ, എന്നിവകൾക്കു പഞ്ഞമില്ലായിരുന്നു.

ജീവിതത്തിലൊരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു സ്വർഗ്ഗതുല്യമായ പ്രദേശമാണ് ഗവിയെന്നു നമ്മെ വീണ്ടും  വീണ്ടുമോർമിപ്പിക്കുന്ന കമനീയതയാണ് ഗവിയിലുടനീളം നമുക്ക് കാണുവാൻ കഴിയുന്നത്.

വൃക്ഷലഗാദികൾ നിറഞ്ഞ കുന്നുകളും, പച്ച വിരിച്ച  താഴ്വരകളും, തിങ്ങി നിറഞ്ഞ  വനങ്ങളും, പുൽമേടുകളും, തണ്ണീർ തടാകങ്ങളുംവെള്ളച്ചാട്ടങ്ങളും, ഏല തോട്ടങ്ങളും, ചെടികളും, പൂക്കളും  കൊണ്ട് സമ്പന്നമായ ഗവി സന്ദർശനം മറക്കാൻ കഴിയാത്ത ഒരനുഭൂതിയായിരുന്നു.

     
 ഗവി  വനപ്രദേശത്തിലെ ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ് ബൈബിളിലെ നോഹയുടെ പേടകം നിർമിച്ച ഗോഫർ മരങ്ങൾ. ഗവിയിലെ പൂർണ്ണവളർച്ചയെത്തിയ രണ്ട് ഗോഫർ വൃക്ഷങ്ങൾ, ശക്തമായ കാണ്ഡത്തോടുകൂടിയ, കാതലുള്ള  മരം  ഇൻഡ്യയിലുള്ള ഏക ഗോഫർ വൃക്ഷമായി കരുതപ്പെടുന്നു.

    

കടുവ, ആന, പുള്ളിപ്പുലി, കരടി, ഇന്ത്യൻ ഗൌർ, സാംബർ, ബാർക്കിംഗ്, മൗസ് ഡിയർ, സിംഹവാലൻ കുരങ്ങന്മാർ, നീലഗിരി മാർട്ടൻ തുടങ്ങിയ വന്യജീവികളാണ് ഗവിയിലെ നിത്യഹരിത വനങ്ങളിലുള്ളത്.  250 ലേറെ പക്ഷികൾ ഇവിടെയുണ്ട്. പക്ഷിനിരീക്ഷകർക്ക് ഗവി ഒരു പ്രധാന സ്ഥലമാണ്. ഞങ്ങൾ കൊച്ചുപമ്പയും ഡാമും സന്ദർശിച്ചു. ഡാമിന്റെയും അതിന്റെ കായൽ പ്രദേശത്തിന്റെയും മനോഹാരിത വളരെ സുന്ദരമായിരുന്നു.
വന്യജീവി സങ്കേതങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ യാത്ര കാടുകളിലൂടെ  തുടർന്നു. പല പക്ഷികളും കുറച്ചു കുരങ്ങന്മാരും ഞങ്ങൾ കണ്ടുആനകളുടെ വിഹാരസ്ഥലങ്ങൾ പല തും കാണിച്ചുതന്നുമേയുന്ന ഒരു കൂട്ടം കാട്ടുപോത്തിനേയും എരുമകളെയും കണ്ടു.

സന്ധ്യക്കു ഒരു ഏഴുമണിയോടെ ഞങ്ങൾ   തിരിച്ചെത്തി.    കുളികഴിഞ്ഞുഭക്ഷണത്തിനായി ഡൈനിങ്ങ് ഹാളിലേക്ക് പുറപ്പെട്ടു. സാമാന്യം ഭേദപ്പെട്ട ഒരു അത്താഴ ഭക്ഷണവും കഴിച്ചു ടെന്റിലേക്കു തിരിച്ചെത്തുമ്പോൾ മണി ഒമ്പതായി. കുട്ടികളുടെ ക്യാമ്പ് ഫയർ കഴിഞ്ഞപ്പോൾ കൂരിരുട്ട് പ്രദേശമെല്ലാം അക്രമിച്ചുകഴിഞ്ഞിരുന്നു. ലൈറ്റുകൾ കെടുത്തിയപ്പോൾ കണ്ണിൽ തുളച്ചുകയറുന്ന കൂരിരുട്ട്. ഭയാനകമായ അന്തരീക്ഷത്തിൽ ചീവീടുകളുടെ തുടർച്ചയായുള്ള സംഗീതം. ഏകദേശം  അമ്പതു മീറ്റർ അകലെ അകലെയായുള്ള ടെന്റുകളിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു.   


പിറ്റേന്ന് രാവിലെ  തന്നെ  ഗൈഡുകൾ ഞങ്ങളെ ഗവി തടാകത്തിൽ  റോഗ്ബോട്ട് സവാരിക്കായി കൊണ്ടുപോയി. ഒരു മുക്കാൽ മണിക്കൂർ നീണ്ടുനിന്ന ബോട്ടിങ്ങിനിടെ  ചുറ്റുമുള്ള വൃക്ഷങ്ങളിൽ ധാരാളം പക്ഷികളും ഭീമൻ മലബാർ അണ്ണാശികളും, കാട്ടുപോത്തും, കലാമനും മറ്റും  കണ്ടു.

ബോട്ടിംഗിനു ശേഷം ഞങ്ങൾ കരയ്ക്കിറങ്ങി. ട്രക്കിങ്ങിനായി   തയ്യാറായി. കാട്ടിലൂടെയുള്ള സവാരി. അതെ നടന്നുതന്നെ. ഏകദേശം നൂറു മീറ്റർ കഴിഞ്ഞപ്പോൾ ശബരിമല ക്ഷേത്രവും ചുറ്റുമുള്ള കെട്ടിടങ്ങളും വളരെ ദൂരത്തായി കാണുവാൻ കഴിഞ്ഞു.

അലിസ്തെയർ ഇന്റർനാഷണൽ പ്രഖ്യാപനത്തിനുശേഷം  ഗവി ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെ ആവശ്യം കണ്ടിരിക്കേണ്ട ഒരു പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഗവി.
അതോടൊപ്പം മലയാള സിനിമ 'ഓർഡിനറിയുടെ റിലീസോടെ മലയാളികളായ വിനോദസഞ്ചാരികൾക്ക് അത്യധികം ആകർഷകമായി മാറി ഗവി. സുന്ദരമായ പ്രദേശത്തിന്റെ മഹിമ, അതിന്റെ സന്ദേശം എന്നിവ  പ്രകൃതി സ്നേഹികളിൽ പ്രചരിപ്പിക്കണ്ട ചുമതല ഒരിക്കലെങ്കിലും   ഗവി സന്ദർശിച്ചിട്ടുള്ളവരുടേതാണ്.

എസ് കെ നായർ
ദൂരവാണിനഗർ

ബാംഗ്ലൂർ

No comments:

Post a Comment