ആര്ടിസ്റ് സുരേഷ് -
സ്മരണാഞ്ജലികൾ
2021 ഫെബ്രുവരി 26 വെള്ളിയാഴ്ച വൈകിട്ട് 9 മണിയോടെ കേട്ടത് നടുക്കുന്ന ഒരു വാർത്തയായിരുന്നു ആര്ടിസ്റ് സുരേഷ് മരിച്ചു ഈ വാർത്ത ഉൾക്കിടിലത്തോടെയാണ് കേട്ടത്. ഒട്ടും വിശ്വസിക്കാൻ സാധിച്ചില്ല.
പക്ഷെ അതിനടുത്തായി വന്ന തുടർച്ചയായുള്ള ഫോൺ കാളുകൾ അതിനെ നിർദാക്ഷണ്യം സ്ഥിതീകരിക്കുന്നതായിരുന്നു. ശാന്ത ചിത്തനും, സൗമ്യ ശീലനുമായ സുരേഷ്, ദൂരവാണിനഗർ മലയാളികൾക്കെല്ലാം സുപരിചിതനായിരുന്നു.
നമ്മുടെ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രരചനാമത്സരം
ഓണാഘോഷമായിരുന്നു കേരള സമാജത്തിന്റെ ഒരേയൊരു പ്രധാന കൂട്ടായ്മ! അത് വളരെ ഭംഗിയായി നടന്നിരുന്നു ഇന്നും നടന്നുവരുന്നു. പിൽക്കാലങ്ങളിൽ ഓണാഘോഷത്തോട നുബന്ധിച്ചുള്ള മത്സരങ്ങളിൽ ‘സ്പോട് പെയിന്റിംഗ്’ ഒരു പ്രധാനയിനമായി മാറി. മലയാളികളായ നമ്മുടെ കുട്ടികളോടൊപ്പം മറ്റുള്ള കുട്ടികളും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി ഈ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഒരു കുഞ്ഞു കലാകാരനായിരുന്നു. എം ബി സുരേഷ്.
സുരേഷ് പങ്കെടുത്തിരുന്ന എല്ലാവർഷവും ഒന്നാം സമ്മാനം സുരേഷിനുതന്നെ. അങ്ങിനെ സുരേഷിലെ കലാകാരനെ തട്ടിയുണർത്തിയത് നമ്മുടെ കേരളസമാജം തന്നെയാണെന്നുള്ളതും അഭിമാനപൂർവം രേഖപ്പെടുത്തട്ടെ.
കേരള സമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാമത്സരത്തിന്റെ തലക്കെട്ട്
'എം ബി സുരേഷ് സ്മാരക ചിത്രരചനാ മത്സരം'
എന്നാക്കുവാൻ കഴിഞ്ഞ പ്രവർത്തക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു.
1987 -ൽ സുരേഷ് ചിത്രകലാപരിഷത്തിലെ വിദ്യാർത്ഥിയായിരുന്നു. അന്നാണാദ്യമായി സുരേഷിനെ കേരളസമാജം നടത്തുന്ന .ചിത്രരചനാ മത്സരത്തിന്റെ വിധികർത്താവാക്കിയത്. സുരേഷിന്റെ നിഷ്പക്ഷമായ വിധി നിർണയങ്ങളാവണം ഈ കഴിഞ്ഞ വര്ഷം വരെ സമാജം നടത്തുന്ന ചിത്രരചനാമത്സരത്തിന്റെ ജഡ്ജി സുരേഷു തന്നെയായിരുന്നു.
ഐ ടി ഐ ഉദ്യോഗസ്ഥനും, ഗുരുവായൂർ സ്വദേശിയും പരേതനുമായ പി ബാലകൃഷ്ണൻ നായരുടെയും ഭാര്യ .ശ്രീമതി സുലോചനയുടെയും മകനായിരുന്നു സുരേഷ്. ബാംഗ്ലൂർ ജയദേവ കാർഡിൽജി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയ എം ബി സവിത സഹോദരി. ഇൻകം ടാക്സു ഡിപ്പാർട്മെന്റിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്ത ഭാര്യ പ്രഭാദേവി. സുരേഷിന് ഒരേയൊരു മകൻ ന്യൂ ഹൊറൈസൺ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആദിത്യ.
എം ബി സുരേഷ് ഒരു അധ്യാപകൻ കൂടിയായിരുന്നു. നാഷണൽ പബ്ലിക് സ്കൂൾ ഇന്ദിരാനഗർ, ദേവമാതാ സ്കൂൾ ഹോറമാവു തുടങ്ങി പല സ്കൂളികളിലും .അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ പ്രധാനമായും ഒരു ആര്ട്ട് കൺസൽട്ടൻറ് ആയി പ്രവർത്തിക്കുവാനായിരുന്നു ഇഷ്ടം. നഗരത്തിലെ ഒട്ടനവനവധി എൻജിയോകൾക്ക് സുരേഷ് പല വിധത്തിലും സഹായിയായിരുന്നു.
ദേശീയതലത്തിലുള്ള കോര്പറേറ്റ് സെക്ടറുകളുടെ മേധാവികൾക്ക് സുരേഷ് പ്രോഡക്റ്റ് ഡിസൈനുകളുടെ തുടർച്ചയായ വർക്ഷോപ്പുകൾ നടത്തിയിരുന്നു. ഇതിനായി സുരേഷ് ഡൽഹി, ബോംബെ, ഗോവ, കൽക്കട്ട എന്നീ നഗരങ്ങളിൽ പലതവണ സഞ്ചരിച്ചിരുന്നു.
ചലചിത്രങ്ങളുടെ സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിലും സുരേഷ് അറിയപ്പെട്ട ഒരു കലാകാരനായിരുന്നു.
ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അനവധി സ്ഥാപനങ്ങളുടെ ലോഗോ ഡിസൈൻ ചെയ്യുവാനും സുരേഷിന് സാധിച്ചു. ഈ അടുത്ത കാലത്താണ് രാമമൂർത്തി നഗർ റസിഡന്റ്സ് വെൽഫെയർ ട്രസ്ടിന്റെ ലോഗോ സുരേഷ് ഡിസൈൻ ചെയ്തത്. പ്രതിഫലമില്ലാതെതന്നെ!
ചുരുങ്ങിയ കാലത്തിനുള്ളിൽ നമ്മോടൊപ്പം ജീവിച്ച, സർവ സമ്മതനായിരുന്ന ഈ നല്ല ഒരു മനുഷ്യ സ്നേഹിയുടെ, പെട്ടന്നുണ്ടായ ഹൃദയാഘാദം മൂലമുള്ള നിര്യാണം അദ്ദേഹവുമായി ഒരിക്കലെങ്കിലും സംവദിച്ചിട്ടുള്ളവർക്കു സഹിക്കാൻ പറ്റുന്നതിലുമധികമായിരുന്നു.
ആ പാവന സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.
SK NAIR